ആലപ്പുഴ : തോട്ടപ്പള്ളി കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും സിപിഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസും തുറന്ന പോരിലേക്ക്. ഫേസ്‌ബുക്കിലൂടെയാണ് ഇരു നേതാക്കളും വിഷയത്തില്‍ പരസ്‌പരം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു എന്ന പത്രവാർത്തയ്‌ക്കൊപ്പം ലോക ചിരി ദിനം മെയ് മാസത്തിലെ ആദ്യ ഞായറാഴ്‌ചയാണ് എന്ന സിപി.ഐ ജില്ല സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നതോടെയാണ് പോര് തുടങ്ങിയത്.
പിന്നാലെ ഇതിന് മറുപടിയായി എംഎല്‍എ എത്തി. ഖനനം നിർത്തിവയ്ക്കാൻ മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ലെന്നും, ക്ഷമിക്കണേ സിംഹമേ എന്നുമാണ് സിപിഐ ജില്ല സെക്രട്ടറിക്ക് മറുപടിയായി എച്ച് സലാം എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെ ഭരണമുന്നണിയിൽപ്പെട്ട പാർട്ടി പരസ്യമായി അധിക്ഷേപിക്കരുതെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
മാസങ്ങളായി മണലെടുപ്പ് നടന്നിട്ടും ഇപ്പോൾ മാത്രം തടയാൻ എത്തിയതിനെ സൂചിപ്പിച്ചായിരുന്നു സിപിഐ ജില്ല സെക്രട്ടറിയുടെ പരിഹാസം. തോട്ടപ്പള്ളി ഓർമ്മകൾ ഉണ്ടായിരിക്കണമെന്നും, സിംഹങ്ങൾക്ക് തൊലിക്കട്ടി കുറവാണെന്നും സലാമിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയായി ആഞ്ചലോസ് വീണ്ടും പോസ്റ്റിട്ടിട്ടുണ്ട്.
തോട്ടപ്പള്ളി സമരത്തിൽ പങ്കെടുത്തതിൻ്റെ ഭാഗമായി തനിക്ക് ലഭിച്ച സമൻസിൻ്റെ ചിത്രങ്ങൾ അടക്കം പങ്കുവച്ചായിരുന്നു പരിഹാസം. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം വീണ്ടും സജീവ ചർച്ചയായതോടെ ഭരണകക്ഷി പാർട്ടിയുടെ ജില്ലാനേതാക്കൾ തമ്മിലുള്ള പോര് വരുംദിവസങ്ങളിൽ കൂടുതൽ മുറുകാനാണ് സാധ്യത.