ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുറിക്കലുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന പൊഴിമുറിക്കൽ പ്രവൃത്തിയെ കോൺഗ്രസിന്‍റെയും ബിജെപിയുടെയും നേതാക്കന്മാർ ബോധപൂർവം വളച്ചൊടിച്ച് തരംതാണ രീതിയിൽ പ്രചരണം നടത്തുകയാണെന്നും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ചിത്തരഞ്ജൻ പറഞ്ഞു. ആലപ്പുഴയിൽ കോൺഗ്രസ്, സമനില തെറ്റിയത് പോലെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസും ബിജെപിയും മറകളില്ലാതെ അവസരവാദപരമായി ഒന്നിച്ചു നിൽക്കുന്നതും തോട്ടപ്പള്ളിയിൽ കാണാൻ സാധിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
കാലവർഷം ഇത്തവണയും ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് സംസ്ഥാന ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിലെ മണൽ നീക്കാൻ ആരംഭിച്ചത്. തോട്ടപ്പള്ളി പൊഴിമുറിക്കലിന്‍റെ ഭാഗമായി സമീപത്തുള്ള കാറ്റാടി മരങ്ങളും മുറിച്ചു മാറ്റുന്നുണ്ട്. കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനു വേണ്ടിയാണ് ഇത്.
കാലവർഷം ശക്തമായി വെള്ളപ്പൊക്കം ഉണ്ടായാൽ, പ്രതിരോധം നടത്തുന്നതിന് വേണ്ടിയാണ് പൊഴിമുറിക്കൽ ത്വരിതപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഖനനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ ശബ്ദരേഖയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും ധീവരസഭ ജില്ലാ പ്രസിഡന്‍റുമായ ആൾ പൊഴിമുറിച്ച മണ്ണ് നീക്കം ചെയ്യുന്നതിനായി കരാറുകാരനിൽ നിന്നും 25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതിന്‍റെ തെളിവാണിത്. കെപിസിസി എക്സിക്യൂട്ടീവ് അംഗവും ധീവരസഭ സംസ്ഥാന ജനറൽ സെക്രെട്ടറിയുമായ വി. ദിനകരൻ ധീവരസഭയെ മറയാക്കി കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെയും കുപ്രചാരണങ്ങളെയുമെല്ലാം തീരദേശത്തെ മത്സ്യത്തൊഴിലാളികൾ അർഹിക്കുന്ന അവഗണനയോടെ ചെറുത്തു തോല്‌പിക്കുമെന്നും ചിത്തരഞ്ജൻ വ്യക്തമാക്കി.