ആലപ്പുഴ: പാര്‍ട്ടി തീരുമാനത്തെ മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ വ്യാഖ്യാനിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രിയുടെ പരസ്യ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സി.പി.എം പ്രസ്‌താവനയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി പ്രതികരിക്കുകയായിരുന്നു. കെഎസ്എഫ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് താൻ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നില്ലെന്നും തന്‍റെ പരാമർശം ചിലർ ദുരൂപയോഗം ചെയ്‌തുവെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ പാടില്ലെന്നത് ശരിയാണ്. പറയേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഇനിയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറയുമെന്നും മന്ത്രി പറഞ്ഞു. തന്‍റെ പരസ്യ പ്രസ്‌താവന പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന ധാരണ പരത്തുകയും അത് പിന്നീട് വലിയ വിവാദത്തിനിടയാക്കുകയും ചെയ്‌തു. പാർട്ടിയിലും സർക്കാരിലും അഭിപ്രായ ഭിന്നതയില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.