ആലപ്പുഴ:കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെ പഴിചാരി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കേരളത്തിന് നൽകേണ്ട ജിഎസ്ടി കോമ്പൻസേഷൻ കൈമാറാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും കോമ്പൻസേഷൻ കൈമാറുമെന്നത് എന്നാണെന്ന് പോലും കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
കോമ്പൻസേഷൻ ഇനത്തിൽ 1600 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും ഇതിനു പുറമേ ബജറ്റിൽ വകയിരുത്തിയ വായ്പ കേന്ദ്രം വെട്ടിച്ചുരുക്കുന്നുവെന്നും ഇതൊക്കെ വച്ചാണ് ട്രഷറി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാട് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്രം സാമ്പത്തികമായി കേരളത്തെ സമ്മർദ്ദത്തിലാക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ കേന്ദ്ര സർക്കാരിൻ്റെ നിലപാട് ബാധിക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് പൊതു അഭിപ്രായം രൂപീകരിക്കുമെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നുവരെ നിയന്ത്രണം ഉണ്ടാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും എന്നാൽ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി റീബില്ഡ് കേരളയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1600 കോടി രൂപയുടെ അപര്യാപ്തത സംസ്ഥാനത്ത് നിൽക്കുമ്പോൾ അത്രയും തന്നെ തുകയുടെ ചെലവ് ചുരുക്കേണ്ടതുണ്ടെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.