ആലപ്പുഴ: അന്തരിച്ച എൻസിപി സംസ്ഥാന പ്രസിഡന്‍റും മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു തോമസ് ചാണ്ടിയെന്ന് മാണി സി.കാപ്പൻ എംഎൽഎ അനുസ്മരിച്ചു. കുട്ടനാടിന്‍റെ ഉൾപ്പടെ ആലപ്പുഴയുടെ വികസനത്തിനായി അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നതായും മാണി സി.കാപ്പൻ എംഎൽഎ അഭിപ്രായപ്പെട്ടു.
സ്വന്തം ചെലവിൽ തന്നെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ നേതാവായിരുന്നു തോമസ് ചാണ്ടി എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ അനുസ്മരിച്ചു . സർക്കാർ സംവിധാനങ്ങൾക്ക് കാത്തുനിൽക്കാതെ സ്വന്തം ചെലവിൽ കുടിവെള്ള പദ്ധതി പോലും നടപ്പാക്കിയ വേറിട്ട ജനപ്രതിനിധിയാണ് അദ്ദേഹം. തോമസ് ചാണ്ടിയുടെ വിയോഗം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ വലിയ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാടിന്‍റെ പൊതുവായ വികസനത്തിന് അർഥവത്തായ സംഭാവന നൽകിയ ജനപ്രതിനിധിയാണ് തോമസ് ചാണ്ടിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള പാവങ്ങളോട് വളരെയധികം കരുണ കാണിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.
മനുഷ്യ സ്നേഹത്തിന്‍റെ പ്രതീകമായിരുന്നു തോമസ് ചാണ്ടിയെന്ന് അഡ്വ.എ.എം ആരിഫ് എംപി പറഞ്ഞു. പ്രളയകാലത്ത് അസുഖബാധിതനായിരുന്നിട്ടും ജനങ്ങൾക്ക് ആവശ്യമായതെല്ലാം നൽകി അദ്ദേഹം മാതൃകയായി. അദ്ദേഹത്തിന്‍റെ വേർപാട് അക്ഷരാർഥത്തിൽ ജനങ്ങൾക്ക് തീരാ നഷ്ടമാണെന്നും ആരിഫ് അനുസ്മരിച്ചു.
അർബുദ ബാധിതനായി മരണപ്പെട്ട തോമസ് ചാണ്ടിയുടെ മൃതദേഹം ആലപ്പുഴ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം.