ആലപ്പുഴ : കൊവിഡ് ഡ്യൂട്ടിക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യു പ്രഖ്യാപിച്ച രാജി പിൻവലിച്ചു. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്‍റെ (കെജിഎംഒ) നിർദേശത്തെ തുടർന്നാണ് തീരുമാനം. പകരം താൻ അവധിയിൽ പ്രവേശിക്കുകയാണെന്ന് ഡോക്‌ടർ അറിയിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപനം
മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് താൻ രാജി വയ്‌ക്കുകയാണെന്ന് നേരത്തേ രാഹുൽ മാത്യു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മെയ് 14ന് സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുൽ മാത്യുവിനെ മർദിച്ചത്.
ചികിത്സയിൽ വീഴ്‌ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അഭിലാഷിന്‍റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ തുടർന്ന് മാതാവിന്‍റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയിൽ എത്തി രാഹുൽ മാത്യുവിനെ മർദിച്ചത്.
Read more: ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നവർക്കെതിരെ കർശന നടപടി: വീണ ജോര്‍ജ്
ഡോക്‌ടർമാരും പ്രതിഷേധിച്ചു
സംഭവത്തിൽ അഭിലാഷിനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്‌ടർമാർ 40 ദിവസമായി മാവേലിക്കരയിൽ സമരത്തിലാണ്.
എന്നാൽ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുൽ മാത്യു ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം സർവീസിൽ നിന്ന് രാജിവയ്‌ക്കുന്നതായി ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
ഉദ്യോഗസ്ഥനെ ഉടന്‍ അറസ്റ്റ് ചെയ്യണം:കെ സുധാകരന്‍
അതേസമയം ഡോക്‌ടറെ മര്‍ദിച്ച ഉദ്യോഗസ്ഥനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
സംഭവം നടന്ന് ആറ് ആഴ്‌ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തത് ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കുന്നതുകൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍ ഡോക്‌ടര്‍മാര്‍ ഒപിയും ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുകയാണ്. സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് ഡോക്‌ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.