ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ എല്ലാം തിരക്കിട്ട പ്രചാരണം തുടരുന്നു. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുകൾ ഉറപ്പാക്കാനുള്ള ശ്രമങ്ങളും സ്ഥാനാർഥികൾ ഊർജിതമായി നടത്തുന്നുണ്ട്.
ഞായറാഴ്‌ച വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള അവസാന നിമിഷത്തെ കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്‌ടർ എ. അലക്‌സാണ്ടർ പറഞ്ഞു.
റോഡ് ഷോകളും പ്രചാരണ റാലികളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രധാന മുന്നണികളും സ്വതന്ത്ര സ്ഥാനാർഥികളും തിരക്കിലാണ്. സ്ഥാനാർഥിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത മാസ്‌കുകളും പ്ലക്കാർഡുകളും പ്രചാരണ സാമഗ്രികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ പ്രദേശങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ സജീവം. അവസാനഘട്ട പ്രചാരണം പോലും ഓരോയിടത്തെയും വിജയം തീരുമാനിക്കുമെന്നതിനാൽ തങ്ങളുടെ വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.