ആലപ്പുഴ : പതിനഞ്ച് വയസുകാരൻ അഗ്നിവേശാണ് ഇപ്പോള്‍ വളവനാടിലെ താരം. ആരും കൊതിക്കുന്ന റേസിംഗ് കാറുകളിൽ ഒന്ന് സ്വന്തമായി നിർമിച്ചതോടെയാണ് പത്താം ക്ലാസുകാരൻ നാട്ടിലെ ഹീറോ ആയി മാറിയത്. കലവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ അഗ്നിവേശ് യൂട്യൂബ് നോക്കിയാണ് തന്‍റെ സ്വപ്‌ന വാഹനം നിർമിച്ചെടുത്തത്.
35 കിലോമീറ്റർ മൈലേജ്... സ്കൂട്ടറിന്‍റെ എൻജിൻ.. ഒരാള്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന സീറ്റിങ്... അഗ്നിവേശിന്‍റെ വാഹനത്തിന്‍റെ പ്രത്യേകതകള്‍ ഇങ്ങനെ നീളുന്നു. അച്ഛൻ ഉപയോഗിച്ചിരുന്ന പഴയ സ്‌കൂട്ടറിന്‍റെ എഞ്ചിനും മറ്റും അഴിച്ചെടുത്താണ് പണി തുടങ്ങിയത്. ഫിറ്റിംഗും അസംബ്ലിംഗും വെൽഡിംഗും ഉൾപ്പടെ എല്ലാം ചെയ്‌തത് ഒറ്റയ്ക്ക്. സ്വന്തം വീട്ടുമുറ്റത്ത് സജ്ജീകരിച്ചിട്ടുള്ള കൊച്ചു വർക്ഷോപ്പിലായിരുന്നു കാർ നിർമാണം.
സ്വന്തമായി ഡിസൈൻ ചെയ്‌ത മൂന്ന് വാഹനങ്ങളാണ് ഈ കൊച്ചു മിടുക്കൻ നിർമ്മിച്ചിട്ടുള്ളത്. എല്ലാം കാർഷിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. മൂന്നും യൂട്യൂബ് നോക്കി നിർമ്മിച്ചത് തന്നെ. കാറുകളുടെ സാങ്കേതികതയെക്കുറിച്ച് നന്നായി പഠിച്ചാണ് നിർമാണത്തിന് ഇറങ്ങിയതെന്നാണ് അഗ്നിവേശിന്‍റെ പക്ഷം.
ALSO READ നടന്‍ പ്രേംകുമാര്‍ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍
മുൻപ് കൃഷി ആവശ്യത്തിന് വേണ്ടി നിർമിച്ച ഒരു വാഹനം കേന്ദ്ര സർക്കാരിന്‍റെ ഇന്നൊവേഷൻ പ്രോജക്‌ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അച്ഛൻ സത്യപ്രകാശ് തദ്ദേശ സ്വയംഭരണ വകുപ്പിലും അമ്മ ഓതി എസ് സുധ ജിഎസ്‌ടി വകുപ്പിലും ഉദ്യോഗസ്ഥരാണ്. മാതാപിതാക്കളുടെ പിന്തുണയും എട്ടാം ക്ലാസുകാരിയായ അനിയത്തി ദേവനന്ദയുടെ സഹായവും ലഭിക്കാറുണ്ടെന്ന് അഗ്നിവേശ് പറയുന്നു.
ലൈസൻസെടുക്കാൻ പ്രായമാകാത്തതിനാൽ വാഹനം നിലവിൽ പുറത്തിറക്കാറില്ല. എന്തായാലും വാഹനവും അഗ്നിവേശും ഹിറ്റായതോടെ നിരവധി പേരാണ് ദിവസവും വാഹനം കാണാനെത്തുന്നത്. വരുന്നവരോടെല്ലാം തന്‍റെ കാറിന്‍റെ സവിശേഷതകളും അഗ്നിവേശ് തന്നെ വിശദീകരിക്കും.