ആലപ്പുഴ: 37 വർഷങ്ങൾക്കിപ്പുറവും സുകുമാര കുറുപ്പ് എന്ന പേര് കേരളം ചർച്ച ചെയ്യുന്നുണ്ടെങ്കില്‍ കേരള പൊലീസിന്‍റെ 'ദ മോസ്റ്റ് വാണ്ടഡ്' പിടികിട്ടാപ്പുള്ളിയുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നു. ദുല്‍ഖർ സല്‍മാൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ് എന്ന സിനിമയിലൂടെയാണ് സുകുമാര കുറുപ്പ് വീണ്ടും ചർച്ചകളില്‍ നിറയുന്നത്. ഒരു മനുഷ്യായുസില്‍ അത്യാഢംബര സ്വപ്‌നങ്ങൾ മാത്രം കണ്ട കുറുപ്പിന്‍റെ സാധ്യമാകാതെ പോയൊരു സ്വപ്‌നമാണ് ഈ കാണുന്നത്.
അമ്പലപ്പുഴക്ക് വടക്ക് വണ്ടാനം മെഡിക്കല്‍ കോളജിനടുത്ത് ദേശീയപാതയിൽ നിന്ന് അൽപ്പം മാറിയാണ് സുകുമാരക്കുറുപ്പ് സ്വപ്‌നം കണ്ട ഈ വീട്. പറഞ്ഞുകേട്ട കഥകൾ ശരിയാണെങ്കിൽ കുടുംബത്തോടൊപ്പം ശിഷ്‌ടകാലം സുഖമായി ജീവിക്കാൻ വേണ്ടിയായിരുന്നു ഇക്കണ്ട കളികളൊക്കെ സുകുമാരക്കുറുപ്പ് കളിച്ചത്.
1981ൽ വിദേശത്ത് നിന്ന് നാട്ടിലെത്തിയ കുറുപ്പ് തന്‍റെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവ് ഭാസ്‌കരപിള്ളയുടെ വീടിനടുത്തായി സ്ഥലം വാങ്ങാൻ തീരുമാനിച്ചു. തുടര്‍ന്നാണ് മെഡിക്കൽ കോളജ് ജീവനക്കാരനായ സുഹൃത്ത് വേണു മുഖേനെ ഈ സ്ഥലം വാങ്ങിയത്.
1981- ലാണ് രണ്ട് നിലകളുള്ള വീടിന്‍റെ നിര്‍മാണം തുടങ്ങിയത്. അന്ന് ഈ പ്രദേശത്ത് തന്നെ ഏറ്റവും വലുതും ആഡംബരം നിറഞ്ഞതുമായ രീതിയിലാണ് വീട് നിർമിക്കാൻ പ്ലാൻ വരച്ചത്. സമീപ പ്രദേശങ്ങളിലൊന്നും ഇത്ര വലിയ വീടുകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ കുറുപ്പിന്‍റെ വീട് നാട്ടിലൊരു ചർച്ച വിഷയമായിരുന്നു.
നിർമാണ പുരോഗതി വിലയിരുത്താൻ ഇടയ്ക്കിടെ സ്ഥലത്ത് എത്തിയിരുന്ന കുറുപ്പ് നാട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് അവിടത്തുകാരിൽ ഒരാളായി മാറി. അയൽവാസികൾക്കിടയിൽ പേരെടുത്ത ആ 'ജെന്‍റിൽ മാൻ' വീട്ടുടമ നാട്ടിലെ പ്രമാണിയുമായി. വളരെ വേഗം കുറുപ്പ് നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായി.
1984 ജനുവരി 21ന് വൈകിട്ട് വരെ വീട് നിർമാണ സ്ഥലത്ത് സുകുമാരക്കുറുപ്പ് ഉണ്ടായിരുന്നു. അന്നേ ദിവസമാണ് ചാക്കോയെ കൊലപ്പെടുത്തിയതും. പദ്ധതികൾ പാളിയതോടെ വീടു പണിയും പാതിയില്‍ അവസാനിച്ചു. സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ വണ്ടാനത്തെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു.
ഇന്നിപ്പോൾ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ സംഭരണകേന്ദ്രമാണ് ഇവിടം. നാട്ടിൽ പ്രേതബംഗ്ലാവെന്ന് അറിയപ്പെടുന്ന ഈ വീട് ചോർന്നൊലിച്ച് കന്നുകാലികളെ കെട്ടുവാനും രാത്രികാലങ്ങളിൽ മദ്യപർക്ക് ഒത്തുകൂടുവാനുമുള്ള സ്ഥലമാണ്. എല്ലാത്തിനും മൂകസാക്ഷിയായ ഈ പ്രേതബംഗ്ലാവ് ഇന്നും കുറുപ്പിന്‍റെ ക്രൂരതകളെ ഓർമ്മിപ്പിക്കും വിധം വണ്ടാനത്തുണ്ട്.