ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിന്‍റേതാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുഭാഷ് വാസു രാജി വച്ചില്ലെങ്കിൽ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കും. ഇത് സംബന്ധിച്ച് ബിജെപി നേതൃത്വത്തിന് കത്ത് നൽകും. വ്യാജ ഒപ്പിട്ട സുഭാഷ് വാസുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തുഷാർ വ്യക്തമാക്കി. സുഭാഷ് വാസുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് തുഷാര്‍ വെള്ളാപ്പള്ളി ഉന്നയിച്ചത്. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി തുഷാര്‍ പറഞ്ഞു. തന്‍റെ കള്ളയൊപ്പ് ഉപയോഗിച്ച് ബാങ്കില്‍ നിന്ന് അഞ്ച് കോടി രൂപ വായ്പയെടുത്തെന്നും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി അധ്യക്ഷനെന്ന നിലയിൽ സുഭാഷ് വാസു നടത്തിയ പരാമർശം തെറ്റാണ്. യോഗത്തിന്‍റെ മിനിട്സ് പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ പറഞ്ഞു.