ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു. കെ കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയത് തുഷാർ വെള്ളാപ്പള്ളിയാണ്. തുഷാറിന് ഹവാല ഇടപാടുകൾ ഉണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു. വെള്ളാപ്പള്ളി സാമ്പത്തിക ക്രമക്കേട് കാണിക്കുന്നതായി ആത്മഹത്യ ചെയ്‌ത കെ കെ മഹേശൻ തന്നോട് പറഞ്ഞിരുന്നു. ഈ പണം കൊണ്ട് തോട്ടം വാങ്ങിയതിനു രേഖ ഉണ്ടെന്നും എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്‍റ് കൂടിയായ സുഭാഷ് വാസു പറഞ്ഞു.
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ജീവനൊടുക്കുവാൻ കാരണമായ സാമ്പത്തിക ക്രമക്കേട് ചെയ്തത് തുഷാർ വെള്ളാപ്പള്ളിയാണ്. ഇക്കാര്യം മഹേശൻ തന്നോടു പറഞ്ഞതാണ്. യൂണിയനിലെ പണം ഉപയോഗിച്ച് തുഷാർ ഉടുമ്പൻചോലയിൽ തോട്ടം വാങ്ങി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവ അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കെകെ മഹേശൻ ജീവനൊടുക്കിയ കേസ് അന്വേഷിക്കുന്നത്.