ആന്ധ്രപ്രദേശ് : വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച ഏവിയേഷന്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൃഷ്‌ണ ജില്ലയിലെ എനികേപടുവലയിലാണ് സംഭവം. നാഗയാലങ്ക സ്വദേശിയായ കൊസുറു ചൈതന്യയെയാണ് വിജയവാഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിജയവാഡയിലെ ലോയല്‍ ഏവിയേഷന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന ചൈതന്യ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ ഈ മാസം 14ാം തിയതി എനികേപടുവലയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയി. ഇവിടെയെത്തിയ ഇരുവരും ചേര്‍ന്ന് പുറത്തുപോകുകയായിരുന്നു. കടയിലെത്തിയ ചൈതന്യ കുപ്പിവെള്ളം ആവശ്യപ്പെട്ടു. ഫ്രിഡ്‌ജില്‍ ഉണ്ടെന്നും എടുത്തുകൊള്ളാനും കടക്കാരന്‍ പറയുകയായിരുന്നു.
Also Read: ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ചു ; കുട്ടികള്‍ ആശുപത്രിയില്‍
എന്നാല്‍ വെള്ളത്തിന് പകരം കുപ്പിയില്‍ നിറച്ച് സൂക്ഷിച്ച ആസിഡാണ് ചൈതന്യ അബദ്ധത്തില്‍ കുടിച്ചത്. ഇതേ തുടര്‍ന്ന് പൊള്ളലേറ്റ ചൈതന്യയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടിയുടെ ചികിത്സാചെലവ് കോളജ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.