തിരുവനന്തപുരം/ആലപ്പുഴ : ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്ത് നിന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നീക്കി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയ നിയമനം. വി ആർ കൃഷ്‌ണതേജയാണ് പുതിയ കലക്‌ടര്‍.
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി മാധ്യമ പ്രവർത്തകൻ കെഎം ബഷീര്‍ മരിച്ച കേസിൽ നിയമ നടപടി നേരിടുന്നതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്‌ടറായി നിയമിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളും സുന്നി സംഘടനകളും സമസ്‌തയും പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ട് കലക്‌ടറെ നീക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് ജനറൽ മാനേജർ സ്ഥാനത്തേക്കാണ് ശ്രീറാമിന്റെ പുതിയ നിയമനം. ഇതോടെ ഏറ്റവും കുറച്ച് കാലം ആലപ്പുഴ കലക്‌ടർ സ്ഥാനത്ത് ഇരുന്ന വ്യക്തിയാവും ശ്രീറാം വെങ്കിട്ടരാമൻ. നിയുക്ത കലക്‌ടര്‍ അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന.
ആലപ്പുഴയിൽ ഏറെക്കാലം പ്രവർത്തിച്ച് പരിചയമുള്ളയാളാണ് വി ആർ കൃഷ്‌ണ തേജ. മുൻപ് 2018-2019 കാലഘട്ടത്തിൽ ആലപ്പുഴ സബ് കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇരു പ്രളയകാലത്തും ആലപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപിച്ച് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനുമാണ്.
പിന്നീട് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്‌ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം പിന്നാക്ക വികസന വകുപ്പ് ഡയറക്‌ടർ എന്ന നിലയിൽ ചുമതല ഏൽക്കാൻ ഇരിക്കെയാണ് കൃഷ്‌ണതേജയെ ആലപ്പുഴ കലക്‌ടറായി നിയമിച്ചത്. ആദ്യമായാണ് കലക്‌ടർ എന്ന നിലയിൽ തേജയ്ക്ക് ചുമതല ലഭിക്കുന്നത്.