ആലപ്പുഴ : ശനിയാഴ്‌ച ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കേന്ദ്ര ഏജൻസികളും ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം. 10 വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം.
മനഃപൂർവം പ്രകോപനം സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ ഈ സംഭവമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്.
Also Read: ആലപ്പുഴയില്‍ ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി
കഴിഞ്ഞ ശനിയാഴ്‌ചയാണ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനവും റാലിയും നടത്തിയത്. കുട്ടി വിളിച്ചത് സംഘടന നൽകിയ മുദ്രാവാക്യമല്ലെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ വിശദീകരണം. ഇതേക്കുറിച്ച് പരിശോധിക്കുമെന്നും പോപ്പുലർ ഫ്രണ്ട് പ്രസ്‌താവനയിൽ അറിയിച്ചു.