ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂർ- എഴുപുന്ന റോഡ് നിർമാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എൻജിനീയർ നൽകിയ പരാതിയിലാണ് അരൂർ പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ഷാനിമോൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.
പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തുന്നതിന് അരൂർ പൊലീസിന് പരാതി കൈമാറി. സെപ്റ്റംബർ 27ന് രാത്രി 11 മണിക്ക് ഷാനിമോൾ ഉസ്മാനും അമ്പതോളം കോൺഗ്രസ് പ്രവർത്തകരും ചേർന്നെത്തി റോഡിൻ്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തെന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിർമാണപ്രവർത്തനം നടത്തിയത് തടയുകയാണ് ഷാനിമോൾ ഉസ്മാൻ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസെടുത്തിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂർ പ്രതികരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുതൽ നടന്നുവരുന്ന നിർമാണ പ്രവൃത്തിയാണിതെന്നും ഇതാണ് ഷാനിമോളുടെ നേതൃത്വത്തിൽ തടഞ്ഞതെന്നുമാണ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ വാദം.