ആലപ്പുഴ: മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്ന വികസനമാണ് സർക്കാർ തോട്ടപ്പള്ളിയിൽ നടപ്പാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനത്തിനെതിരെയുള്ള ജനകീയ സമര സമിതിയുടെ റിലേ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടപ്പള്ളിയിൽ സർക്കാർ എന്താണ് നടത്തുന്നതെന്നുള്ള കൃത്യമായ ബോധ്യം ജനങ്ങൾക്കുണ്ടെന്നും തോട്ടപ്പള്ളിയെ മറ്റൊരു ആലപ്പാടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. കരിമണൽ ഖനനത്തിനെതിരെയുള്ള ജനകീയ സമര സമിതിയുടെ റിലേ സത്യാഗ്രഹം മുപ്പത്തിയെട്ടാം ദിവസവും തുടരുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി പ്രവീണിന്‍റെ നേതൃത്വത്തിലാണ് സത്യാഗ്രഹം. കെപിസിസി ജനറൽ സെക്രട്ടറി കോശി.എം.കോശി, പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ - മണ്ഡലം ഭാരവാഹികളും സമരത്തിൽ പങ്കെടുത്തു.