ആലപ്പുഴ: കടലാക്രമണ ഭീഷണി നേരിടുന്ന ഒറ്റമശ്ശേരി തീരപ്രദേശത്ത് തീരസംരക്ഷണ നടപടികള്‍ പുരോഗമിക്കുന്നു. കരിങ്കല്‍ പുലിമുട്ടുകള്‍ നിര്‍മ്മിച്ച് തീരം കടല്‍ എടുക്കാതിരിക്കാനുള്ള താല്‍ക്കാലിക നടപടികളാണ് നിലവില്‍ നടക്കുന്നത്. കലക്ട്രേറ്റില്‍ നിന്നുള്ള ദുരന്ത നിവാരണ സമിതിയുടേയും ജലസേചന വകുപ്പിന്‍റെയും നേതൃത്വത്തില്‍ ഇരുപത്തിയാറ് ലക്ഷം രൂപയുടെ അടിയന്തര പ്രവര്‍ത്തനങ്ങളാണ് തീരദേശത്ത് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആറ് ലോഡോളം പാറകളാണ് മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നായി തീരപ്രദേശത്ത് എത്തിച്ചത്.
കടലാക്രമണത്തെ തുടര്‍ന്ന് തീരപ്രദേശത്തെ പത്തോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. അടിയന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്ത് ലക്ഷം രൂപ വീതുള്ള രണ്ട് തുടര്‍ പ്രവര്‍ത്തികളും വരും ദിവസങ്ങളില്‍ തീരത്ത് നടത്താനാണ് തീരുമാനം. പ്രവര്‍ത്തികള്‍ ജില്ലാ ഭരണ കൂടത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒറ്റമശ്ശേരി പ്രദേശത്ത് പുലിമുട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ കൂടി എത്തുന്നതോടെ ഇവിടുത്തെ കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികള്‍.