ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടൽക്ഷോഭം അതിരൂക്ഷം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, പുറക്കാട് തീരദേശ മേഖലകളിൽ പടുകൂറ്റൻ തിരമാലയാണ് തിങ്കളാഴ്‌ച രാവിലെ മുതല്‍ അടിച്ചുകയറിയത്. ഇതുപോലൊരു കടൽക്ഷോഭം ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് തീരദേശവാസികൾ പറയുന്നു. കണ്ടെയ്‌മെന്‍റ് സോണുകളായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളാണിവ. ഈ സാഹചര്യത്തില്‍ മറ്റൊരാളുടേയും വീട്ടില്‍ അഭയം തേടാനും കഴിയാത്ത അവസ്ഥയാണ് ഇവര്‍. ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി. കൂറ്റന്‍ തിരമാലകള്‍ അടിച്ച് റോഡാകെ മണ്ണുകയറിയതോടെ ഗതാഗതവും തടസപ്പെട്ടു. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ മുതൽ ആറാട്ടുപുഴ എകെജി നഗർ വരെയുള്ള തീരം ഭാഗീകമായി കടലെടുത്തു. പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമാണമെന്ന ഏറെ നാളത്തെ ആവശ്യം കടലാസിലൊതുങ്ങിയതിൻ്റെ ദുരിതമാണ് ഈ അനുഭവിക്കുന്നതെന്ന് തീരവാസികള്‍ ആരോപിച്ചു.
ആറാട്ടുപുഴ എംഇഎസ്, എസി പള്ളി, ബസ്സ്റ്റാൻഡ് എകെജി നഗർ കള്ളിക്കാട് നല്ലാണിക്കൽ, വട്ടച്ചാൽ, എന്നിവിടങ്ങളിൽ അതിരൂക്ഷമായാണ് കടലാക്രമണമുണ്ടായത്. നല്ലാണിക്കലിൽ പലരുടെയും വീട് ഭാഗീകമായി തകർന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന, പാനൂർ, പള്ളിപ്പാട്ട് മുറി, മതുക്കൾ ജങ്ഷൻ, തൃക്കുന്നപ്പുഴ, മൂത്തേരി, പ്രണവം, പതിയാങ്കര എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമാണ്.