ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്ത് കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. കനത്ത മഴയെ അതിജീവിച്ചും സൗമ്യയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങളാണ്. ഇന്ന് രാവിലെ സഹപ്രവർത്തകരും കുടുംബാഗങ്ങളും ചേർന്നാണ് ആശുപത്രിയില്‍ നിന്ന് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം രാവിലെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ പൊതുദർശനത്തിനു വെച്ചു. ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്താൻ കാത്തിരുന്നതിനാലാണ് സംസ്കാര ചടങ്ങുകൾ നീട്ടിവച്ചത്. ഇന്നലെ വൈകിട്ടോടെ ഭർത്താവ് സജീവ് തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്കു കാണാനും അന്ത്യ ചുംബനം നൽകാനും വള്ളികുന്നത്തെ വീട്ടിലെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പാകരനെ ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസ് വെട്ടിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇന്നലെ മരിച്ചു. അജാസിന്‍റെ പോസ്റ്റു മോർട്ടം ഇന്ന് നടക്കും. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച സൗമ്യ മൂന്ന് മക്കളുടെ അമ്മയാണ്.