ആലപ്പുഴ : ക്രിക്കറ്റ് ആരാധകരാണ് നമ്മില്‍ പലരും. ജീവിതത്തിൽ ബാറ്റോ ബോളോ കൈകൊണ്ട് തൊടാത്തവർ ചുരുക്കമായിരിക്കും. ക്രിക്കറ്റ് കളിക്കുന്നവരിൽ പലരും ഇടയ്‌ക്കെങ്കിലും ബാറ്റ് കൊണ്ട് ബോൾ തട്ടി നിയന്ത്രിക്കാനും ശ്രമിച്ചിട്ടുണ്ടാവും.
എന്നാൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ബോൾ എത്ര നേരം താഴെ വീഴാതെ നമുക്ക് തട്ടാൻ കഴിയും?
ആലപ്പുഴ സ്വദേശി സാരോൺ റോഡ്രിഗസിനോടാണ് ഈ ചോദ്യമെങ്കില്‍ മണിക്കൂറുകളോളം എന്നാവും മറുപടി. ക്രിക്കറ്റ് ബാറ്റുകൊണ്ട് ബോൾ താഴെ വീഴാതെ തുടർച്ചയായി തട്ടി ബാലൻസ് ചെയ്‌തതിനുള്ള ലോക റെക്കോർഡ് ഇപ്പോൾ ഈ 20-കാരന്‍റെ പേരിലാണ്. മൂന്ന് മണിക്കൂർ 22 മിനിറ്റ് 7 സെക്കൻഡ് എന്നതാണ് സാരോൺ കുറിച്ച ഗിന്നസ് റെക്കോർഡ്.
തമിഴ്‌നാട് സ്വദേശി ഗൗതമിന്‍റെ 2 മണിക്കൂർ 16 മിനിറ്റ് 1 സെക്കൻഡ് എന്ന ലോക റെക്കോർഡാണ് സാരോൺ ഭേദിച്ചത്.ക്രിക്കറ്റ് കളിക്കുന്നയാളല്ല സാരോൺ, എന്നാൽ അങ്ങേയറ്റം ഏകാഗ്രതയോടെയാണ് സാരോൺ ബോൾ ബാറ്റ് കൊണ്ട് നിയന്ത്രിക്കുന്നത്. ഏകദേശം 60 ഗ്രാം ഭാരമുള്ള ലെതറിൽ നിർമിച്ച സ്റ്റിച്ച് ബോളാണ് മണിക്കൂറുകളോളം തട്ടിക്കളിക്കുന്നത്.
കണ്ടുനിൽക്കുന്നവർക്ക് ബോൾ പലപ്പോഴും താഴെവീഴുമോ എന്ന് തോന്നുമെങ്കിലും അവയൊക്കെ വളരെ ശ്രദ്ധയോടെ സാരോൺ കൈകാര്യം ചെയ്യും. യൂട്യൂബ് നോക്കിയാണ് സാരോൺ ഈ നേട്ടത്തിലേക്ക് എത്തിയത്.
Also Read: Year ending 2021| രാജ്യത്തെ നടുക്കിയ ദുരന്തങ്ങള്‍...
ഗൂഗിളില്‍ തിരഞ്ഞ് എങ്ങനെ റെക്കോർഡ് സ്വന്തമാക്കാമെന്ന് മനസിലാക്കി. പിന്നീട് ഗിന്നസ് റെക്കോർഡ് നേടിയ ഒരാളുടെ സഹായത്തോടെ അപേക്ഷയ്ക്കുള്ള നടപടികൾ പൂർത്തിയാക്കി. ശേഷം പരിശീലകരുടെ സാന്നിധ്യത്തിൽ ഒരു ട്രയൽ നോക്കി.
അതിൽ വിജയിച്ചതോടെ ഗിന്നസ് റെക്കോർഡിലേക്കുള്ള അടുത്ത പടിയിലേക്ക് നീങ്ങി. ഒന്നര വർഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും ഇതുപോലെ തന്നെ മറ്റ് റെക്കോർഡുകളും സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നും സാരോൺ പറയുന്നു.
ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലും യു.ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും സാരോൺ ഇതിനോടകം ഇടംനേടിയിട്ടുണ്ട്. ആലപ്പുഴ ആശ്രമം സ്വദേശിയായ സജു റോഡ്രിഗസിന്‍റെയും സെർഫിയുടെയും മകനായ സാരോൺ കേരള സർവകലാശാലയ്ക്ക് കീഴിലെ യുഐടി വിദ്യാർഥിയാണ്.
മാതാപിതാക്കളിൽ നിന്നും പരിശീലകരിൽ നിന്നും ലഭിച്ച സഹായവും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് പിന്നിലെന്നാണ് സാരോൺ വിശ്വസിക്കുന്നത്. സഹപാഠികളും അധ്യാപകരും മികച്ച പിന്തുണയാണ് നൽകുന്നത്. ഇത് പരിശീലനത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നും കൂടുതൽ നേട്ടങ്ങൾക്കുള്ള പ്രചോദനമാണ് അവരുടെ പിന്തുണയെന്നുമാണ് സാരോൺ പറയുന്നത്.
സമാന രീതിയിൽ കൂടുതൽ റെക്കോർഡുകള്‍ സ്വന്തമാക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഒരു വിരൽ കൊണ്ട് നിയന്ത്രിക്കുന്ന റെക്കോർഡ് എന്ന നേട്ടത്തിലേക്കുള്ള പരിശീലനത്തിലാണ് സാരോൺ ഇപ്പോൾ.