തിരുവനന്തപുരം: വർക്കലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 27ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാൾ 11.40 ഓടെ വർക്കലയിലെ റിസോർട്ടിൽ എത്തി. ടാക്സിയിലായിരുന്നു യാത്ര. പിന്നീട് വർക്കല ക്ലിഫിന് സമീപത്തെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ എത്തി. വർക്കലയിലെ സുപ്രഭാതം റസ്റ്റോറന്‍റ്, ആബ റസ്റ്റോറന്‍റ് തുടങ്ങിയ ഇടങ്ങളിൽ 27 മുതൽ കഴിഞ്ഞ 13 വരെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നതായും കണ്ടെത്തി. ഇയാളുടെ സുഹൃത്തിന്‍റെ കടയിലും നിരവധി തവണ സന്ദർശനം നടത്തി. ക്ലിഫിലെ ജോഷി സൂപ്പർ മാർക്കറ്റിലും സിറ്റി മെഡിക്കൽസ് എന്ന സ്ഥാപനത്തിലും ഇയാൾ എത്തി.
![Route map ട Italian covid patient varkkala ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു ഇറ്റാലിയൻ പൗരൻ തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/kl-tvm-05-route-map-of-italian-covid-patient-varkkala-7206115_15032020222849_1503f_1584291529_825.jpg)
10 ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും തിരിച്ച് റിസോർട്ടിലേക്കും രണ്ട് ഓട്ടോറിക്ഷകളിൽ യാത്ര ചെയ്തായി കണ്ടെത്തി. അടുത്ത ദിവസം കുറ്റിക്കാട്ടിൽ ക്ഷേത്രോത്സവത്തിലും ഇയാൾ പങ്കെടുത്തതായി വ്യക്തമായി. അതേ സമയം ഇയാൾ എവിടെയൊക്കെ പോയി എന്ന കാര്യത്തിൽ ഇനിയും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് ജില്ല ഭരണകൂടത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വിലയിരുത്തൽ. നിലവിൽ ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്.