ആലപ്പുഴ: ചുനക്കരയിൽ വഴിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ചുനക്കര സ്വദേശി ദിലീപ് ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം. സുബൈദയുടെ മകന്‍റെ ഗൃഹപ്രവേശനത്തിന് വീട്ടുസാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു പ്രതികൾ. ഇവരുടെ ഓട്ടോ ദിലീപിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് നൂറനാട് പൊലീസിൽ നിന്ന് ലഭ്യമായ വിവരം. ദിലീപ് ഖാന് നേരത്തെ മുതൽ ഇവരുമായി വഴിത്തർക്കമുണ്ട്.
വഴിയെ ചൊല്ലി ദിലീപ് ഖാനുമായി വാക്കുതർക്കം ഉണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് പ്രതികൾ ദിലീപ് ഖാനെ കരിങ്കല്ല് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് നൂറനാട് പൊലീസ് അറിയിച്ചു.