ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ ജലാശയങ്ങളും ഇടതോടുകളും ജനകീയ പങ്കാളിത്തത്തോടെ സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ശുചീകരിക്കുമെന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎ. കുട്ടനാട് പാക്കേജിന്‍റെ പദ്ധതിയിലുൾപ്പെടുത്തി ആലപ്പുഴ മണ്ഡലത്തിലെ ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തിയ്യശ്ശേരി പൊഴിയുടെയും അനുബന്ധ തൊടുകളുടെയും ആഴം കൂട്ടലും ഇരുവശം വൃത്തിയാക്കലും പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയുടെ ജീവനാഡികളായ കനാലുകളും തോടുകളും മലിനമാണെന്നും അവ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലയിലെ ജലാശയങ്ങൾ വൃത്തിയാക്കാൻ മുൻകൈയെടുക്കുമ്പോൾ വീണ്ടും അതിനെ മലിനമാക്കാതിരിക്കാനുള്ള ശ്രദ്ധ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എംഎൽഎ അഭ്യർഥിച്ചു.
മഴക്കാലത്ത് ജില്ലയിലെ പൊഴികളും അനുബന്ധ തോടുകളും മാലിന്യം കൊണ്ട് നിറയുന്ന സ്ഥിതിയുണ്ടെന്നും ഇത് പല സാംക്രമിക രോഗങ്ങൾക്കും വെള്ളക്കെട്ടിനും കാരണമാകുമെന്നും അവ ഒഴിവാക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും എംഎൽഎ പറഞ്ഞു.
Also Read: ദത്ത് വിവാദം; ഷിജുഖാനെ വിളിച്ചുവരുത്തി വനിത ശിശുവികസന വകുപ്പ്