ആലപ്പുഴ: മനുഷ്യ മനസ്സുകളിൽ അറിവിന്റെ പുത്തൻ വെളിച്ചം പകരുവാൻ പുസ്‌തക വായനക്ക് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ. വായനദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കലവൂർ ഗവ എച്ച്എസ്എസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കുന്ന കാലത്ത് അതിന് ഊർജം പകരാൻ ഗ്രന്ഥശാലകളും വായനശാലകളും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. അടിമ സമാനമായ ജീവിതം നയിച്ചവർക്ക് വായനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പിഎൻ പണിക്കരുടെ ഓർമ്മയ്ക്കായാണ് അദ്ദേഹത്തിന്‍റെ ചരമദിനം വായനാദിനമായി ആചരിക്കുന്നത്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ശക്തമായി പ്രതിരോധിക്കുവാൻ സാക്ഷരതാ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ മാധ്യമത്തിന്‍റെ കടന്ന് കയറ്റമുള്ള ആധുനിക കാലഘട്ടത്തിലും പുസ്തക വായനയ്ക്കായി ശ്രമിക്കുന്നത് മഹത്തരമാണ്. ജൂലൈ ഏഴ് വരെ നടക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും നടത്തും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ കെറ്റി മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കപ്പെട്ട ഏവൂർ ദേശബന്ധു ഗ്രന്ഥശാലാ ഭാരവാഹികളെയും മികച്ച സ്‌കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട മണ്ണഞ്ചേരി ഗവ ഹൈസ്‌കൂളിനെയും മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട പി സുലജയെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കുമാരി എ എയിലയെയും വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ ആദരിച്ചു.
പിഎൻ പണിക്കർ അനുസ്മരണ പ്രഭാഷണം ചുനക്കര ജനാർദ്ദനൻ നായരും വായനാദിന പ്രതിജ്ഞ വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ കുമാറും വായനാദിന സന്ദേശം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാറും ചൊല്ലിക്കൊടുത്തു. സമ്മേളനത്തിന് മുന്നോടിയായി സ്‌കൂൾ വിദ്യാർഥികൾ അണിനിരന്ന വിളംബര ജാഥയും നടന്നു.