ആലപ്പുഴ: പ്രളയത്തിൽ നിന്നും കരകയറിയ തണ്ണീർമുക്കത്തെയും വീട് ലഭിച്ചവരെയും വീട് നിർമ്മാണത്തിൽ പങ്കാളികളായവരെയും നേരിൽ കണ്ട് അഭിനന്ദിക്കുവാൻ റാമോജി ഫിലിം സിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ തണ്ണിർമുക്കത്ത് എത്തി. പ്രളയം തകർത്തെറിഞ്ഞ തണ്ണിർമുക്കത്ത് സംസ്ഥാന സർക്കാരിന്‍റെ റീ-ബിൾഡ് കേരള പ്രകാരം 137 വീടുകളോടൊപ്പമാണ് കുടുംബശ്രീ സിഡിഎസിന് റാമോജി ഭവനങ്ങൾ കൂടി ലഭിച്ചത്. വനിത മേശരിമാരുടെ നേതൃത്യത്തിലുള്ള മുപ്പത്തി അഞ്ച് വനിതകൾ ആറ് മാസത്തിനുള്ളിൽ 14 വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഈ വീടുകളുടെ താക്കോല്‍ദാനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച തണ്ണിർമുക്കം ഗ്രാമ പഞ്ചായത്ത് അധികൃതരെ നേരിൽ കണ്ട് അഭിനന്ദിക്കുന്നതിനാണ് റാമോജി ഫിലിം സിറ്റിയിൽ നിന്ന് ഡയറക്ടർമാരായ രാജാ ജീ മാർഗദർശ്, പ്രസാദ് എന്നിവർ എത്തിയത്. പതിനാല് വീടുകളും സന്ദർശിച്ച ടീം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എസ് ജ്യോതിസിനേയും സി സി എസ് പ്രസിഡന്‍റ് ശ്രീജാ ഷിബുവിനെയും കൺവീനർമാരെയും അഭിനന്ദിച്ചു.