ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കെ-റെയിൽ സംവാദം പ്രഹസനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ-റെയിലുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇപ്പോൾ സജീവമാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാരിന് മംഗള പത്രം എഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
സർക്കാർ നടത്തുന്ന സംവാദത്തിൽ നിന്ന് ജോസഫ് സി മാത്യുവിനെ പോലുള്ളവരെ ക്ഷണിച്ച ശേഷം ഒഴിവാക്കി. കെ-റെയിലിന് ഓശാന പാടുന്നവരെ ക്ഷണിച്ചുള്ള സംവാദത്തിൽ അർഥമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ജോസഫ് സി മാത്യു എന്നാണ് കോടിയേരി ചോദിച്ചത്. അധികാരം അന്ധനാക്കിയത് കൊണ്ടാണ് കോടിയേരി ഇങ്ങനെ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
കെ-റെയിൽ അല്ല ഇത് കൊല റെയിലാണ്. കേരളം ഈ കൊല റെയിലിൽ തലവെയ്ക്കാൻ പാടില്ല. കേരളത്തെ കൊലയ്ക്ക് കൊടുക്കുന്നതും കടക്കെണിയിൽ മുക്കികൊല്ലുന്നതുമായ പദ്ധതിയാണ്. ഇതിൽ കേരളം തലവെയ്ക്കാൻ പാടില്ല. കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് യുഡിഎഫ് പ്രവർത്തകർ, കേരളത്തിലുടനീളം ഉടമസ്ഥരുടെ അനുവാദമില്ലാതെ കല്ലിടുന്നത് പിഴുതെറിയുന്നതെന്ന് ചെന്നിത്തല പറഞ്ഞു
സമരത്തെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് നേരിടാമെന്നുള്ള നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പാർട്ടി സഖാക്കളെ ഉപയോഗിച്ച് അടിച്ചമർത്താമെന്നുള്ള തെറ്റായധാരണ മുഖ്യമന്ത്രിക്ക് വേണ്ട. ഇത് കേരളമാണ് ഇത് നടക്കാൻ പോകുന്നില്ലെന്നും സിപിഎമ്മിന്റെ അതിക്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു പദ്ധതിയാണിത്. ഇത് നടപ്പാക്കാമെന്ന വ്യാമോഹം സംസ്ഥാന സർക്കാരിന് വേണ്ടെന്നും പദ്ധതിയെ സർവ്വശക്തിയും ഉപയോഗിച്ച് യുഡിഎഫ് എതിർക്കുമെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.