ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിന്‍റെ ക്യാപ്‌റ്റനായി കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ യഥാര്‍ത്ഥ പ്രതിയെ ജനങ്ങള്‍ക്ക് മനസിലായെന്നും ശരിയായ അന്വേഷണം നടന്നാല്‍ ക്ലിഫ് ഹൗസില്‍ നിന്ന് നേരെ പൂജപ്പുരയിലേക്ക് താമസം മാറ്റേണ്ടി വരുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തില്‍ പൊലീസ് രാജാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാറിനെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്യാനുള്ള പ്രതിപക്ഷ അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പിണറായി വിജയന്‍റെ കാലത്ത് നാട്ടില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടത്തണം. പുറത്ത് വന്ന സത്യങ്ങളെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.