ആലപ്പുഴ: ആലപ്പുഴ കളക്‌ട്രേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി.
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പ്രവീൺ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിത ബാബു ഉൾപ്പെടെ പതിനാറോളം പേർക്കാണ് പരിക്കേറ്റത്. ഏറെ പേർക്കും തലയ്ക്കാണ് ഗുരുതര പരിക്ക്. 'ഉയർന്ന ഉദ്യോഗസ്ഥർ ലാത്തി മുറിയെ തല്ലിയത് ബോധപൂർവ്വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രം. പോലീസ് മനുവൽപോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സർവ്വീസിൽ വെച്ച് പൊറിപ്പിക്കരുത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണ'മെന്ന് ചെന്നിത്തല ഡിജിപിയോടെ ആവശ്യപ്പെട്ടു.
വനിതകൾക്കുപോലും പരിഗണന ഉണ്ടായില്ല. പുരുഷപോലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി ജി പി ദർവേഷ് സാഹിബിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയത് ഭീകരമായ മർദ്ദനമാണ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രവീണിനു നേരെ ഗുണ്ടാ മോഡൽ ആക്രമണമാണ് പോലീസ് നടത്തിയത്. പ്രവീണിന്‍റെ തല തല്ലിപ്പൊളിക്കുകയായിരുന്നു. അധികാരത്തിന്‍റെ അഹങ്കാരത്തിൽ മുഖ്യമന്ത്രിക്കിപ്പോൾ ജനകീയ സമരങ്ങളോട് അലർജിയാണെന്നും പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ വണ്ടാനം മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ പോലീസുകാരില്ലാതെ വനിതാ പ്രവർത്തകരെ പോലീസ് നേരിടുക എന്നത് എന്ത് മര്യാദകേടാണ്. ഇതൊരു കാരണവശാലും അംഗീകരിക്കില്ല.മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും എതിരെ ജനാധിപത്യസമരങ്ങൾ ഉയർന്നുവരും. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്നവരെയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന ധാരണ വേണ്ട. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.
കരുവന്നൂരിൽ സിപിഎം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ കുംഭകോണമാണ്. അതിന്‍റെ വസ്‌തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വ്യവസായമന്ത്രി പി രാജീവിനെതിരായ ആരോപണം പുറത്തുവന്നു. സിപഎമ്മിന്‍റെ അക്ഷയ ഖനിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. അതു മറച്ചുവെക്കാൻ ആണ് ഗവൺമെന്‍റ് ശ്രമിക്കുന്നത്. ശരിയായ വസ്തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.