ആലപ്പുഴ: തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്ന നെറികേട്ട സർക്കാരാണ് പിണറായി വിജയൻ്റേയെതെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് ചെന്നിത്തല. സെപ്റ്റംബർ ഒന്ന് മുതൽ മാർച്ച് വരെയുള്ള എട്ട് മാസം കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യങ്ങൾ വിതരണം ചെയ്യാതെ ഈ സർക്കാർ പൂഴ്ത്തിവെക്കുകയാണുണ്ടായത്. ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽപി, യുപി സ്‌കൂളുകളിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുവാനുള്ള നടപടി കരിഞ്ചന്ത മനസാണെന്ന് തെളിയിക്കുകയാണും ചെന്നിത്തല കുറ്റപ്പെടുത്തി.
ധാന്യങ്ങൾ പൂഴ്ത്തിവെച്ച് കൂടുതൽ വിലക്ക് മറിച്ചു വിൽക്കാനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭക്ഷ്യധാന്യ വിതരണം എകെജി സെൻ്ററിൽ നിന്നുള്ളതല്ല. കുട്ടികളുടെ ഭക്ഷണം വെച്ച് പിണറായി രാഷ്ട്രീയം കളിക്കുകയാണ്. കരിഞ്ചന്തക്കാരനും കേരളത്തിൻ്റെ മുഖ്യമന്ത്രിയും തമ്മിൽ വ്യത്യാസമില്ല. ഭക്ഷ്യധാന്യങ്ങൾ കൊടുക്കരുത് എന്നല്ല, ഏപ്രിൽ ആറിന് ശേഷം നൽകണം എന്നാണ് താൻ പറഞ്ഞതെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.