ആലപ്പുഴ : പുന്നപ്ര - വയലാർ വിപ്ലവത്തിന്‍റെ 75-ാം വാർഷിക വാരാചരണത്തിന് ആരംഭം. സിപിഎം നേതാവായ സി എച്ച് കണാരന്‍റെ 49-ാം ചരമവാർഷിക ദിനത്തിലാണ് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കമാകുന്നത്. വലിയചുടുകാട്ടിലും പുന്നപ്ര രക്തസാക്ഷി നഗറിലും മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിലും ചെങ്കൊടി ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
വിവിധ രക്തസാക്ഷികളുടെ മണ്ഡപങ്ങളിൽ നിന്ന് കൊണ്ടുവന്ന രക്തപതാക വലിയ ചുടുകാട്ടിൽ വിപ്ലവ ഗായികയും പുന്നപ്ര വയലാർ സമരസേനാനിയുമായ പി കെ മേദിനി ഉയർത്തി. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ സിപിഎം ജില്ല സെക്രട്ടറിയും വാരാചരണ കമ്മിറ്റി ചെയർമാനുമായ ആർ നാസർ പതാക ഉയർത്തി.
also read: അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന ; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന രക്തസാക്ഷി അനുസ്മരണങ്ങളും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിലുള്ള വാരാചരണ കമ്മിറ്റി സംഘടിപ്പിക്കും. ഒക്ടോബർ 27ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്ന് ദീപശിഖാറാലി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തുന്നതോടെ നടക്കുന്ന അനുസ്മരണ സമ്മേളനത്തോടെയാണ് സമാപനം.