ആലപ്പുഴ : കായംകുളം എംഎസ്എം കോളജിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി എം.കോമിന് ചേര്‍ന്ന എസ്എഫ്ഐ മുൻ നേതാവ് നിഖില്‍ തോമസ് ഹാജരാക്കിയ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ നിഖിലിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. കായംകുളം മാർക്കറ്റ് റോഡിലുള്ള വീട്ടിൽ പൊലീസ് നിഖിലുമായി നടത്തിയ തെളിവെടുപ്പിലാണ് സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയ എറണാകുളം പാലാരിവട്ടത്തുള്ള ഒറിയോൺ എന്ന സ്വകാര്യ ഏജൻസിയിൽ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
കലിംഗ സർവകലാശാലയിൽ നിന്നും ബി.കോം ഫസ്റ്റ് ക്ലാസ്സിൽ പാസായതായുള്ള സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവ ഉൾപ്പെടെയാണ് പൊലീസ് കണ്ടെത്തിയത്. നിഖിലിന്‍റെ സുഹൃത്തും എസ്എഫ്ഐ കായംകുളം മുൻ ഏരിയ പ്രസിഡന്‍റുമായ അബിൻ സി രാജ് എറണാകുളം ഒറിയോൺ ഏജൻസി വഴിയാണ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയതെന്ന് നിഖിൽ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനായി നിഖിൽ തോമസ് രണ്ട് ലക്ഷം രൂപ അബിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്ക് നൽകിയതായും കണ്ടെത്തി.
ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിഖിലിന്‍റെ മൊഴി പ്രകാരം അബിനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അബിൻ രാജ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പലർക്കും നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഒറിയോൺ പോലുള്ള ഏജൻസികൾ വഴി നടത്തിയ വ്യാജ സർട്ടിഫിക്കറ്റ് കച്ചവടത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്.
നിലവിൽ മാലിദ്വീപിൽ അധ്യാപകനായി ജോലി നോക്കുന്ന അബിൻ രാജിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അബിന്‍റെ പാസ്പോർട്ട് കണ്ടെത്തി ഇന്‍റർപോളിന്‍റെ സഹായത്തോടെ ബ്ലു കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കവും പൊലീസ് നടത്തി വരുന്നു. ഇതിനിടെ കായംകുളം ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ നിഖിൽ ജാമ്യപേക്ഷ നൽകിയിരുന്നു.
കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. കേസ് നാളെയാണ് കോടതി പരിഗണിക്കുന്നത്. നിഖിലിനെ ഇന്ന് കായംകുളം എംഎസ്എം കോളജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
നിഖിൽ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയം കെഎസ്ആർടിസി സ്റ്റാന്‍റിലെ ബസിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അബിൻ രാജ് വ്യാജ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത് ഉൾപ്പെടെ കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ 2017-20 ബി.കോം വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്നു നിഖിൽ തോമസ്. എന്നാൽ, നിഖിൽ ഡിഗ്രി പരാജയപ്പെട്ടിരുന്നു. തുടർന്ന് 2021ൽ അതേ കോളജിൽ എം കോമിന് നിഖിൽ അഡ്‌മിഷൻ നേടി. 2019ൽ കലിംഗയില്‍ പഠിച്ച് ഡിഗ്രി നേടി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് നിഖിൽ പിജിക്ക് അഡ്‌മിഷൻ നേടിയത്.
Also read : Fake Certificate Controversy| വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് പൊലീസ് പിടിയിൽ