ആലപ്പുഴ: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ട് കച്ചവടം മാത്രമല്ല നോട്ട് കച്ചവടവും നടത്തുന്നതിൻ്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ അന്വേഷണം നടന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നിലവിലെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമടക്കം കേസിൽ ഉൾപ്പെടുമെന്നും പാലാരിവട്ടം പാലം അഴിമതി കേസ് മറ്റൊരു ഐസ്ക്രീം പാർലർ കേസ് പോലെ അട്ടിമറിക്കുമെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സർക്കാർ ഭക്ഷണം കഴിക്കുന്ന ആദ്യ കേരളത്തിലെ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്നും കൃഷ്ണദാസ് അരൂരിൽ പറഞ്ഞു. ബിജെപി - ബിഡിജെഎസ് ബന്ധം രാഷ്ട്രീയ ബന്ധം മാത്രമല്ലെന്നും അത് രാമലക്ഷ്മണ ബന്ധമാണെന്നും ബിഡിജെഎസ് നേതാക്കൾ പ്രവർത്തന രംഗത്ത് സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.