ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ. മെയ് 2ലെ വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ തിന്മയ്ക്കെതിരായ അദ്ദേഹത്തിന്‍റെ ഉയർത്തെഴുന്നേൽപ്പായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓശാന ഞായറില്‍ ആലപ്പുഴയിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കെയായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം.
വിവാദങ്ങളൊന്നും ഇടതുമുന്നണിയെ ബാധിക്കില്ല. ആഴക്കടൽ മത്സ്യബന്ധന വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന കുപ്രചരണം തീരദേശ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. നിപ്പയും ഓഖിയും മഹാപ്രളയങ്ങളും കൊവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പ്രാപ്തമാക്കിയത് അവര്‍ക്കറിയാം. തീരദേശ മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും അവർ ബോധവാന്മാരാണ്. തീരദേശ ജനത ഇടതുപക്ഷത്തെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റ് നിർത്താൻ ഇടപെട്ട പ്രതിപക്ഷത്തിന് അത് തിരിച്ചടിയാകും.അന്നം മുടക്കിയവരെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ പ്രധാന ദേവാലയങ്ങളായ ചേന്നംവേലി പള്ളി, മാരാരിക്കുളം, കാട്ടൂർ, പൊള്ളേത്തൈ, പൂങ്കാവ് പള്ളികൾ, മൗണ്ട് കാർമൽ ലത്തീൻ കത്തീഡ്രൽ എന്നിവിടങ്ങളിലാണ് സ്ഥാനാർഥി സന്ദർശനം നടത്തിയത്. ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവാലയങ്ങളിൽ പ്രാർത്ഥനകളും ചടങ്ങുകളും സംഘടിപ്പിച്ചത്.