ആലപ്പുഴ: സംസ്ഥാനമൊട്ടാകെ പിജി ഡോക്‌ടര്‍മാര്‍ നടത്തുന്ന പണിമുടക്കിന്‍റെ ഭാഗമായി ആലപ്പുഴയിലെ ടിഡി മെഡിക്കല്‍ കോളജിലും (TD Medical College In Alappuzha) പണിമുടക്ക് സംഘടിപ്പിച്ചു. പിജി, ഹൗസ് സര്‍ജന്‍ ഡോക്‌ടര്‍മാര്‍ (Strike Of Doctors In Kerala) അടക്കം 300 ഓളം ഡോക്‌ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. രാവിലെ 10 മണിക്കാണ് പണിമുടക്ക് ആരംഭിച്ചത്. ഒപി പൂര്‍ണമായും ബഹിഷ്‌കരിച്ചു. ഇതിന് പിന്നാലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധ പ്രകടനവും നടത്തി.
പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംബിബിഎസ് വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പിജി സംഘടന പ്രസിഡന്‍റ് ഡോ.ശരത്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. ജാവേദ്, ഹൗസ് സര്‍ജന്‍ സംഘടന പ്രസിഡന്‍റ് ഡോ.കിരണ്‍, വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ ഡോ.ആഷല്‍, കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (KGMCTA) ഭാരവാഹി ഡോ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
ഡോക്‌ടര്‍മാര്‍ പണിമുടക്കിലാണ്: ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെ സുരക്ഷിതത്വം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനമൊട്ടാകെയുള്ള പിജി ഡോക്‌ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത്. ആശുപത്രികളിലെ ഒപികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചാണ് ഡോക്‌ടര്‍മാരുടെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്ക്. അതേസമയം അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു എന്നിവിടങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.
ഇന്ന് (സെപ്‌റ്റംബര്‍ 29) രാവിലെ എട്ട് മണി മുതല്‍ നാളെ (സെപ്‌റ്റംബര്‍ 30) രാവിലെ എട്ട് മണി വരെ നീളുന്നതാണ് പണിമുടക്ക്. സ്റ്റൈപ്പന്‍ഡ് വര്‍ധനവ്, ആശുപത്രികളിലെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനം പാഴ്‌വാക്കായതോടെയാണ് ഡോക്‌ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടതിന് (Dr. Vandana Das Murder Case) പിന്നാലെ ഡോക്‌ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
സ്റ്റൈപ്പന്‍ഡ് വര്‍ധന, ജോലിയിലെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. വര്‍ഷംതോറും ഡോക്‌ടര്‍മാര്‍ക്ക് നല്‍കുന്ന സ്റ്റൈപ്പന്‍ഡില്‍ നാല് ശതമാനം വര്‍ധനവ് നല്‍കുമെന്നാണ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അടക്കം യാതൊരുവിധ നീക്കുപോക്കുകളും ഉണ്ടാകാത്തതിന് പിന്നാലെയാണ് പണിമുടക്ക്. വര്‍ഷങ്ങളോളമായി ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഡോക്‌ടര്‍മാരുടെ നിരവധി പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.