ആലപ്പുഴ: പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിൽ നിലവിൽ നടത്തിവരുന്ന കള്ളിംഗിന് ( രോഗ ബാധിത മേഖലകളിലെ പക്ഷിമൃഗാദികളെ കൊല്ലുക) പുറമെ പ്രദേശത്തെ കോഴികള്‍, അലങ്കാര-വളര്‍ത്ത് പക്ഷികള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം. കേന്ദ്ര മാനദണ്ഡ പ്രകാരം പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വകുപ്പ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിലപാട്. തത്ത, മൈന, ലൗബേഡ്‌സ് തുടങ്ങിയ നിരവധി അലങ്കാര പക്ഷികളെയും വളർത്തുപക്ഷികളെയും ഇത്തരത്തിൽ കൊന്നൊടുക്കും. ലക്ഷങ്ങൾ വിലവരുന്ന അലങ്കാര പക്ഷികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ലഭ്യമായ വിവരം.
വളർത്തുപക്ഷികളുടെയും ശേഷിക്കുന്ന താറാവുകളുടെയും കള്ളിംഗ് നാളെ കൊണ്ട് പൂർത്തീകരിക്കാനാണ് തീരുമാനം. ഇതിന് ശേഷം പ്രദേശത്ത് അണുവിമുക്തീകരണം ഉൾപ്പടെയുള്ള ശുചീകരണ പ്രക്രിയ നടത്തും. വൈറസ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനമായതിനാൽ ഇത്തരത്തിലൊരു നടപടിയോട് ജനങ്ങൾ സഹകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭ്യർഥന.