ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംസ്ഥാനത്ത് സിപിഎം ശിഥിലമാവുമെന്നും പാർട്ടിക്കുള്ളിൽ അന്തഃച്ഛിത്തം കൂടുതൽ വര്‍ധിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാർട്ടി തകരുന്നു എന്നതിന് പകരം മറ്റുള്ളവരുടെ മേൽ പഴിചാരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പി ജയരാജന് പോലും സീറ്റ് കിട്ടിയില്ല. അതിലുള്ള പ്രശ്‌നമാണ് അദ്ദേഹം രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിൽ ക്യാപ്റ്റനെ ചൊല്ലി തമ്മിൽ തല്ലു നടക്കുകയാണ്. പ്രശ്‌നങ്ങൾ മുഴുവൻ സിപിഎമ്മിലാണ്. യുഡിഎഫിൽ ഒരു പ്രശ്‌നവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്‍റെ മുഖ്യമന്ത്രി പദത്തെ സംബന്ധിച്ച് ജനങ്ങൾ തീരുമാനിക്കേണ്ട വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്‍റെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും നിഷ്‌ഫലമായി എന്നാണ് ഇവിടെ കാണാൻ കഴിയുന്നത്. ഹരിപ്പാട് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഇതുവരെ പൂർണമായും സഹായം എത്തിക്കാൻ കഴിഞ്ഞില്ലെന്നും പ്രളയം തന്നെ മനുഷ്യ നിർമ്മിതിയാണ് എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രചാരണത്തിനായി കേരളത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എത്തിയപ്പോഴും ഐശ്യര്യ കേരള യാത്രയിലെ വമ്പിച്ച ജനമുന്നേറ്റവും യുഡിഎഫ് നേതാക്കൾ പ്രചാരണത്തിന് പോകുമ്പോൾ ഉണ്ടായിരുന്ന അസാമാന്യമായ ജനങ്ങളുടെ മുന്നേറ്റവും സൂചിപ്പിക്കുന്നത് യുഡിഎഫ് നേതൃത്വത്തിൽ സർക്കാർ ഉണ്ടാവുമെന്ന് തന്നെയാണ്. യുഡിഎഫ് തിരിച്ചു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖം നഷ്‌ടപ്പെട്ട എൽഡിഎഫിനെതിരായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു. 'പൗരത്വ ഭേദഗതി അറബിക്കടലിൽ' എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ടുപോയപ്പോൾ ലഭിച്ച സ്വീകാര്യത ചെറുതല്ല. ശബരിമല വിഷയത്തിൽ ഉള്‍പ്പെടെ സ്വയം അപഹാസ്യരാവുന്ന ഒരു സർക്കാരിനെയാണ് നാം കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകാധിപത്യത്തിനും അഹങ്കാരത്തിനും ദാർഷ്‌ട്യത്തിനും എതിരായി ജനാധിപത്യ കേരളം ഉണർന്നെഴുന്നേൽക്കുന്ന ആവേശകരമായ കാഴ്‌ചയാണ് കാണാൻ കഴിയുന്നതെന്നും പ്രതിപക്ഷ രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.