ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനുമായ ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ അഭ്യർഥിച്ചാണ് ഇരുവരും എത്തിയത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇരുവരും ഓർത്തഡോക്സ് സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ച എന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി എൽഡിഎഫിന് അനുകൂലമായാണ് എസ്എൻഡിപി യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിലപാട് സ്വീകരിക്കുന്നത്. എന്നാൽ യുഡിഎഫിന് അനുകൂലമായി മാറ്റിയെടുക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്നാണ് സൂചന.