ആലപ്പുഴ: ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഒൻപതിന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തിയ ഗർഭിണിയായ യുവതിക്കാണ് ഇന്ന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലെത്തിയത്. തുടർന്ന് ഹോം ക്വാറന്‍റെൈനിൽ കഴിയുകയായിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നു യുവതി കഴിഞ്ഞിരുന്നത് എന്നത് കൊണ്ട് തന്നെ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കുറവാണ്. ആവശ്യമായ മുഴുവൻ സുരക്ഷാ നടപടികളും സ്വീകരിച്ചു കൊണ്ട് രോഗിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.