ആലപ്പുഴ : പത്രവിതരണക്കാരനായ വയോധികന്‍റെ മരണം വാഹനാപകടത്തെ തുടർന്നാണെന്ന് കണ്ടെത്തൽ (Old Man Died After Hitting SETC Bus). കൈതവന വാർഡ് സനാതനപുരം പാർവതി മന്ദിരത്തിൽ ദത്തന്‍റെ (73) മരണമാണ് വാഹനാപകടത്തെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തിയത് (Alappuzha Old Man Death). വീട്ടുകാർ സ്വാഭാവിക മരണമെന്ന് കരുതി എൻ ഒ സി സർട്ടിഫിക്കറ്റിനായി പൊലീസ് സ്റ്റേഷനിൽ എത്തിയത് വഴിത്തിരിവാകുകയായിരുന്നു.
പത്രവിതരണത്തിനായി പോയ ദത്തനെ തമിഴ്‌നാട് എസ്ഇടിസി ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു (Newspaper agent death Alappuzha). കഴിഞ്ഞ മൂന്നാം തിയതി പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പത്രം എടുക്കാൻ ആലപ്പുഴ ബസ് സ്റ്റാൻഡിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന ദത്തനെ പഴവങ്ങാടി പള്ളിക്ക് സമീപം വച്ച് ബസ് ഇടിച്ചു വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ദത്തൻ മരിച്ചത്. മൃതദേഹം വിട്ടുകിട്ടാൻ പൊലീസിന്‍റെ അനുമതി വാങ്ങണമെന്ന് ഡോക്‌ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബന്ധുക്കൾ സ്‌റ്റേഷനിൽ എത്തിയത്. എന്നാൽ മൃതദേഹം പരിശോധിച്ച പൊലീസ് ദേഹത്ത് കണ്ട പരിക്കുകളിൽ സംശയമുണ്ടായതോടെ പോസ്റ്റുമോർട്ടം നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ പരിക്ക് സൈക്കിളിൽ നിന്ന് തനിയെ വീണതിനെ തുടർന്നല്ലെന്നും വാഹനം ഇടിച്ചതുമൂലമുണ്ടായ പരിക്കുകളാണെന്നും പൊലീസ് സർജൻ ഡോ ജംഷിദ് പറഞ്ഞതനുസരിച്ചാണ് കൂടുതൽ അന്വേഷണം നടത്തിയത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് എസ്ഇടിസി ബസ് ദത്തനെ ഇടിച്ച ശേഷം നിർത്താതെ പോയതാണെന്ന് വ്യക്തമായത്.
തുടർന്ന് ബസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൂത്തുക്കുടി ശങ്കരപ്പേരി ഏട്ടയാപുരം റോഡിൽ ടി എൻ എച്ച് ബി കോളനിയിൽ 4/86 ബാലസുബ്രഹ്മണ്യൻ(35) ആണ് പിടിയിലായത്. ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ എസ് അരുൺ, എസ് ഐമാരായ ഗിരീഷ്‌കുമാർ, ടി സി ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാത്യു ജോസഫ്, വികാസ് ആന്‍റണി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ലോറി പാഞ്ഞുകയറി 7 പേര്‍ മരിച്ചു: ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ സെപ്‌റ്റംബര്‍ 11 പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ 7 സ്ത്രീകൾ മരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ ലോറി നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിക്കുകയും പിന്നീട് റോഡരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞുകയറുകയുമായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.
സ്ത്രീകൾ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് മടങ്ങവെയായിരുന്നു ദാരുണ സംഭവം. ബെംഗളൂരു-ചെന്നൈ ദേശീയ പാതയില്‍ ചണ്ടിയൂരിന് സമീപം നാട്ടാംപള്ളിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാന്‍ പഞ്ചറായിരുന്നു. പിന്നാലെ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി റോഡരികില്‍ ഇരുന്നു. ഈ സമയം അമിത വേഗത്തിലെത്തിയ മിനി ലോറി വാനില്‍ ഇടിക്കുകയും പിന്നാലെ റോഡരികില്‍ ഇരിക്കുകയായിരുന്ന സ്‌ത്രീകള്‍ക്ക് മേല്‍ പാഞ്ഞുകയറുകയും ആയിരുന്നു.