ആലപ്പുഴ: എൻടിപിസിയുടെ കായംകുളത്തെ ഫ്ലോട്ടിങ് സോളാർ പാനൽ വൈദ്യുതി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിങ് സോളാർ പദ്ധതിയും സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയുമാണ് ഇത്. രാജ്യത്തെ ഹരിതോർജ വിപ്ലവത്തിലേക്ക് നയിക്കുന്ന തരത്തിൽ പുത്തൻ ചുവടുവയ്‌പ്പാണ് പദ്ധതിയിലൂടെ കായംകുളം എൻടിപിസി ലക്ഷ്യം വയ്‌ക്കുന്നത്.
92 മെഗാവാട്ട് ശേഷിയാണ് പദ്ധതിക്കുള്ളത്. എൻടിപിസിയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ കായല്‍ പ്രദേശത്താണ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. പരമ്പരാഗത ഊർജ സ്രോതസുകളിൽ നിന്നും വഴിമാറി രാജ്യം ഹരിത ഊർജ വിപ്ലവത്തിലേക്ക് കടക്കുകയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്‌ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഊർജനഷ്‌ടം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തിന് പുറമേ തെലങ്കാനയിലെ രാമഗുണ്ടത്ത് നിര്‍മിച്ച 100 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്‍റിന്‍റെ ഉദ്‌ഘാടനവും ഇതോടൊപ്പം പ്രധാനമന്ത്രി നിർവഹിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര പദ്ധതി ഉപഭോക്താക്കളുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിച്ചു. സൗരോർജ പദ്ധതി നടപ്പാക്കി വൈദ്യുതി ഉത്‌പാദിപ്പിക്കാൻ സാധ്യമായ പദ്ധതികളെല്ലാം എൻടിപിസി ചെയ്യുന്നുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത് എ.എം ആരിഫ് എംപി പറഞ്ഞു.
വൈദ്യുതി കെഎസ്‌ഇബിക്ക്: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ എൻടിപിസി ചെയർമാനും കെഎസ്‌ഇബി ചെയർമാനും ധാരണപത്രം ഒപ്പിട്ടിരുന്നു. ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കിൽ കെഎസ്‌ഇബിക്ക് നൽകുമെന്നാണ് വ്യവസ്ഥ. ആദ്യഘട്ടം പൂർത്തിയായതോടെ വൈദ്യുതി കെഎസ്‌ഇബിക്ക് നൽകി തുടങ്ങിയിരുന്നു. ശേഷിച്ച ഭാഗം പൂർത്തിയാക്കിയതോടെയാണ് പദ്ധതി ഇന്ന് നാടിന് സമർപ്പിച്ചത്. രാജ്യത്ത് ഊർജ സുരക്ഷ ഉറപ്പാക്കാൻ പദ്ധതി ഏറെ സഹായകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.