ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 99 കേന്ദ്രങ്ങളിൽ അതത് വരണാധികാരികളുടെ നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടന്നു. പരിശോധന ദിവസം പ്രത്യേക സൗകര്യങ്ങളാണ് സൂക്ഷ്മ പരിശോധനാ മുറികളില്‍ ഒരുക്കിയത്.
സൂക്ഷ്മ പരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ കവാടത്തില്‍ തന്നെ കൈകള്‍ സാനിറ്റൈസ് ചെയ്ത് ശരീര താപനില പരിശോധിച്ച് തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേകം സമയം അനുവദിച്ചാണ് വരണാധികാരിയുടെ മുറിക്കുള്ളിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചത്.
സൂക്ഷ്മ പരിശോധന വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേര്‍ക്ക് മാത്രമാണ് വരണാധികാരിയുടെ മുറിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്. സാമൂഹിക അകലം പാലിച്ചാണ് ഇവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയത്.
കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ എ. അലക്‌സാണ്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. കലക്ടറേറ്റില്‍ തന്നെയുള്ള ജില്ല സപ്ലൈ ഓഫീസ്, പൊതുമരമാത്ത് റോഡ്, കെട്ടിട വിഭാഗം ഓഫിസുകൾ, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലും സൂക്ഷ്മ പരിശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു.