ആലപ്പുഴ: കാരുണ്യ പദ്ധതി നിർത്തലാക്കിയിട്ടില്ലെന്നും കൂടുതൽ വിപുലീകരിച്ചുവെന്നും ധനമന്ത്രി ഡോ. ടി എം തോമസ‌് ഐസക്. കാരുണ്യ പദ്ധതിയെക്കാളും ചിലവ‌് കൂടുതലാണ‌് പുതിയ ഇൻഷുറൻസ‌് പദ്ധതി.
സമാന്തരമായി രണ്ട‌് പദ്ധതികളും കൂടി കൊണ്ടുപോകാനാകില്ല. കാരുണ്യ പദ്ധതി വിപുലീകരിച്ച‌് കാരുണ്യ സുരക്ഷാ ആരോഗ്യ പദ്ധതിയായി നടപ്പാക്കും. കാരുണ്യ പദ്ധതിയിൽ അംഗമാകാൻ വരുമാന സർട്ടിഫിക്കറ്റ‌് വേണം. ഇതിലും അതുതന്നെ മതിയാകും. കാരുണ്യയിൽ അപേക്ഷിച്ചിരുന്നത് മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാണ‌്. 30,000 പേരാണ‌് അതിൽ ഉണ്ടായിരുന്നത‌്. പുതിയ പദ്ധതിയിൽ അത‌് 42 ലക്ഷമായി ഉയർന്നു. പുതിയ ഹെൽത്ത‌് കാർഡുള്ളവർക്കും പഴയ കാർഡുള്ളവർക്കും അംഗീകൃത ആശുപത്രിയിൽ ചെന്നാൽ അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സയുടെ ആനുകൂല്യം ലഭിക്കും. വരുമാന സർട്ടിഫിക്കറ്റുമായി നേരിട്ട‌് അംഗീകൃത ആശുപത്രിയിൽ ചെന്നാൽ മതിയാകും. കാരുണ്യ പദ്ധതിയിൽനിന്ന‌് തങ്ങൾ നേരത്തെ ഈ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന‌് സർട്ടിഫിക്കറ്റ‌് നൽകണമെന്ന‌് മാത്രം. അടിയന്തര ആവശ്യത്തിനാണെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയാകും.
എന്നാൽ ഇൻഷുറൻസ‌് പദ്ധതിയിൽപ്പെടാത്ത ചില രോഗങ്ങൾ ഉണ്ട‌്. അതിന‌് ധനസഹായം ലഭിക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കും. ആർസിസി അടക്കമുള്ള ആശുപത്രികളിലേക്ക‌് പരിശോധനയ‌്ക്കും മറ്റും അയയ‌്ക്കുന്ന ചെലവിന്റെ കണക്ക‌് അംഗീകൃത ആശുപത്രികൾ സൂക്ഷിച്ചാൽ സർക്കാർ ആ തുക കൈമാറും.150 കോടി രൂപയാണ‌് കാരുണ്യക്ക‌് ചെലവ‌് വന്നിരുന്നത‌്. വിപുലീകരിക്കുമ്പോൾ ചെലവ‌് 700 മുതൽ 750 കോടി രൂപയാകുമെന്നും മന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ വ്യക്തമാക്കി.