ആലപ്പുഴ: കുടിവെള്ളം ചോദിക്കാനെന്ന വ്യാജേന എത്തിയ യുവാവ് ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു. അതിഥി തൊഴിലാളി എന്ന് സംശയിക്കുന്ന യുവാവാണ് പണവുമായി കടന്നത്. ആലപ്പുഴ മുഹമ്മയിലാണ് സംഭവം.
മുഹമ്മ ലക്ഷ്‌മി സദനത്തിൽ ബാലാനന്ദൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കൈയ്യില്‍ രണ്ട് സഞ്ചികളുമായാണ് യുവാവ് വീട്ടിലേക്ക് എത്തിയത്. കുടിവെള്ളം ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ വന്നത്.
ബാലാനന്ദൻ വെളളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ മോഷ്‌ടാവ് വീടുനുള്ളില്‍ പ്രവേശിച്ച് പേഴ്‌സിലിരുന്ന 3500 രൂപ എടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗൃഹനാഥന്‍ മോഷ്‌ടാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബാലാനന്ദനെ മുറിയിലിട്ട് പൂട്ടിയ ശേഷം മോഷ്‌ടാവ് രക്ഷപ്പെടുകയായിരുന്നു.
വീട്ടില്‍ നിന്നും നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.