ആലപ്പുഴ: ജൈവമാലിന്യ സംസ്‌ക്കരണ രംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ച് മുഹമ്മ ഗ്രാമപഞ്ചായത്ത്. ജൈവ മാലിന്യം മനുഷ്യന് ഉപകാരപ്രദമായി തീര്‍ക്കുന്ന നൂതന രീതിയുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിര്‍വഹിച്ചു. വലിയ മുതല്‍മുടക്കില്ലാത്ത ബയോപോഡ് എന്ന മാലിന്യ സംസ്‌കരണ മാതൃകയാണ് പഞ്ചായത്ത് നടപ്പാക്കിയിരിക്കുന്നത്.
വീടുകളിലെ ജൈവമാലിന്യത്തില്‍ നിന്നും വരുമാനം കണ്ടെത്താം എന്നതാണ് പദ്ധതിയുടെ സവിശേഷത. വളരെ ലളിതവും ചെലവു കുറഞ്ഞതുമായ ബയോപോഡ് എന്ന മാതൃകയാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഒരു വലിയ പ്ലാസറ്റിക് ബക്കറ്റും ഒരു ചെറിയ ബക്കറ്റും ചെറിയ രണ്ട് പി.വി.സി പൈപ്പുകളുമാണ് നിര്‍മാണത്തിന് ആവശ്യം. മുഹമ്മ ഗ്രാമപഞ്ചായത്തും എട്രീയും (അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇക്കോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ്) സംയുക്തമായി ആന്‍ട്രിക്‌സ് കോര്‍പറേഷന്‍റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്‍റെ സഹായത്താല്‍ നടത്തുന്ന 63 കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്കും മീന്‍ വളര്‍ത്തല്‍ യൂണീറ്റുകള്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ ബയോ പോഡുകള്‍ വിതരണം ചെയ്യുന്നത്.