ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ശമ്പളം കൊടുക്കുന്ന ചിലർ പൊലീസിലുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതില്‍ പങ്കാളികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രഞ്ജിത്തിന്‍റെ കൊലപാതകം പൊലീസ് കൂടി അറിഞ്ഞുനടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. പൊലീസ് നിരീക്ഷണം ഉണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടു. ഇത് പൊലീസ് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വെള്ളം തൊടാതെ വിഴുങ്ങില്ല. കൊലപാതികകൾക്ക് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു പൊലീസ് നടത്തിയ നിരീക്ഷണമെന്നും എം.ടി രമേശ് ആരോപിച്ചു.
Also Read: കുമരകത്ത് പൊലീസുകാരന്‍റെ വീട് അടിച്ചുതകര്‍ത്തു ; പിന്നില്‍ 'മിന്നൽ മുരളി'
പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ എഡിജിപി പറഞ്ഞത്. എന്നാൽ പ്രതികൾ മുഴുവൻ അറസ്റ്റിലായത് കേരളത്തിന് അകത്തുനിന്നാണ്. ഇതിൽ നിന്ന് തന്നെ പൊലീസ് നടത്തിയ ഗൂഢാലോചന വ്യക്തമാണ്. പോപ്പുലർ ഫ്രണ്ട് പ്രതികളാകുന്ന കേസുകളിൽ പൊലീസിന് ഭയമാണ്. എൻഐഎ അന്വേഷണത്തെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. എൻഐഎ അന്വേഷണത്തെ പോപ്പുലർ ഫ്രണ്ട് ഭയക്കുന്നത് മനസിലാക്കാം. എന്നാൽ എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഭയക്കുന്നതെന്നും എം.ടി രമേശ് ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിന് ക്വട്ടേഷൻ കൊടുത്ത് കൊല്ലിക്കുകയാണോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒറ്റുകാർ ആരാണെന്ന് പൊലീസ് കണ്ടെത്തണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ പേരിൽ സംസ്ഥാനത്തെ ആർഎസ്എസ് - ബിജെപി പ്രവർത്തകരെ പോലീസ് വേട്ടയാടുകയാണ്. പൊലീസിനോട് മര്യാദയുടെ ഭാഷ ഇനി വേണ്ട. അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറിയാൽ അതേ രീതിയിൽ എതിർക്കണമെന്നും എം ടി രമേശ് പറഞ്ഞു.
ആലപ്പുഴ നഗരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് എസ്.പി ഓഫിസിന് സമീപം പൊലീസ് തടഞ്ഞത് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.