ആലപ്പുഴ: ഭരണപക്ഷത്തിന് കുഴലൂതുന്ന പ്രതിപക്ഷ നേതാവ് വേണോയെന്ന് യുഡിഎഫ് തീരുമാനിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സ്വന്തം പഞ്ചായത്തിൽ സിപിഎമ്മിനെ അധികാരത്തിലെത്തിക്കാൻ നടത്തിയ ശ്രമം അങ്ങേയറ്റം പരിഹാസ്യമാണ്. സിപിഎമ്മിനെ തോൽപ്പിക്കാൻ വേണ്ടി വോട്ട് ചോദിച്ച പ്രതിപക്ഷ നേതാവ് അതേ സിപിഎമ്മിനെ അധികാരത്തിലെത്തിക്കാൻ നടത്തിയ ശ്രമമാണ് ഏറ്റവും വലിയ പരിഹാസ്യമായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നാലഞ്ച് മാസമായി ചെന്നിത്തല ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം. അൽപ്പമെങ്കിലും രാഷ്‌ട്രീയബോധവും ധാർമികതയുമുണ്ടെങ്കിൽ ചെന്നിത്തല രാജിവെക്കണമെന്നും എം.ടി രമേശ് പറഞ്ഞു. ബിജെപി വിരോധം പറഞ്ഞുകൊണ്ട് സിപിഎമ്മിനെ സഹായിക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്‍റെ സഹായത്തോടുകൂടിയാണ് ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ രമേശ് ചെന്നിത്തല വിജയിക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതിന്‍റെ ആദ്യപടിയാണ് സ്വന്തം പഞ്ചായത്തിൽ അദ്ദേഹം സ്വീകരിച്ചത്.
ചെന്നിത്തല പഞ്ചായത്തിൽ മാത്രമല്ല സമാനമായ നിലപാടുകൾ എൽഡിഎഫും യുഡിഎഫും സ്വീകരിച്ചതെന്നും കേരളത്തിലെ പല പഞ്ചായത്തിലും ഇതേ നാടകമാണ് അരങ്ങേറിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ജനവിധിയെ അട്ടിമറിക്കുന്ന ഈ പരിഹാസ്യമായ നിലപാടിന് നേതൃത്വം നൽകിയ സിപിഎമ്മും കോൺഗ്രസും കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല രാജി വെക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.