ആലപ്പുഴ: യാത്രാ ദുരിതം നേരിട്ടറിയാൻ ട്രെയിന്‍യാത്ര നടത്തി എ.എം ആരിഫ് എംപി. ആലപ്പുഴ മുതൽ എറണാകുളം വരെ മെമു ട്രെയിനിൽ സഞ്ചരിച്ച എം.പിയോട് യാത്രക്കാർ തങ്ങളുടെ പരാതികള്‍ അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കാനുള്ള പല നിർദേശങ്ങളും യാത്രക്കാർ മുന്നോട്ട് വച്ചു. തീരദേശ പാതയിൽ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിൻ നിർത്തലാക്കിയാണ് മെമു ആരംഭിച്ചത്. ബോഗികളുടെ എണ്ണം കുറച്ചതും യാത്രാക്ലേശം വർദ്ധിക്കാൻ കാരണമായി.
വിവിധ സ്റ്റേഷനുകളിൽ ഇറങ്ങിയ എംപി അവിടെയുള്ള യാത്രക്കാരുടെ പരാതികളും കേട്ടു. റെയിൽവേ അധികാരികളുമായി ബന്ധപ്പെട്ട് അവശ്യമായ നടപടി സ്വീകരിക്കുമെന്ന് എ.എം ആരിഫ് എംപി അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരുന്നു എംപിയുടെ പ്രതികരണം. തുറവൂർ റെയിൽവേ സ്റ്റേഷനിലെ ക്രോസിങ് സമയം പരമാവധി ചുരുക്കുവാനും മെമുവിലെ ഫസ്റ്റ് ക്ലാസ് കോച്ച് ഒഴിവാക്കി എല്ലാ യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ ക്രമപ്പെടുത്തുവാനും വനിതാ സംവരണ കോച്ച് രണ്ടെണ്ണമാക്കി ഉയർത്തുവാനും യോഗത്തിൽ ധാരണയായി.