ആലപ്പുഴ: ചെങ്ങന്നൂര്‍ മണ്ഡലത്തെ പൂര്‍ണമായും തരിശുരഹിതമാക്കുന്നതിനായി കൂടുതല്‍ തുക അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. പ്രളയം മൂലം തകര്‍ന്ന ചെങ്ങന്നൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം കണക്കിലെടുത്ത് തരിശുരഹിത ചെങ്ങന്നൂരിനായി 20 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ പൂമാട്ടി പുഞ്ചയിലെ നെല്‍കൃഷിയുടെ വിത്തുവിതയും ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വര്‍ഷങ്ങളായി തരിശായി കിടക്കുന്ന 40 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കുന്നത്. ജലസേചന സൗകര്യങ്ങളുടെ അഭാവത്തില്‍ കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്യാന്‍ മടിച്ചിരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ചെറിയനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തവണ ഇവിടെ കൃഷി ആരംഭിച്ചിരിക്കുന്നത്. ചെറുവല്ലൂര്‍ സെന്റ് ജോര്‍ജ്ജ് മാർത്തോമാ പാരിഷ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സജി ചെറിയാന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.