ആലപ്പുഴ : സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ ഉയർന്ന ആരോപണം സർക്കാരിനും പൊതുപ്രവർത്തകർക്കും നേരെയുള്ള ഒളിയമ്പാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ. വിഷയത്തിൽ സത്യം തെളിഞ്ഞുവെന്നും സംഭവത്തിൽ ഓമനക്കുട്ടൻ തെറ്റുകാരനാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
സർക്കാറിനെയും പൊതുപ്രവർത്തകരേയും ആക്ഷേപിക്കുകയെന്നാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചതിന്‍റെ ലക്ഷ്യം. ക്യാമ്പുകളുടെ പ്രവർത്തനം സർക്കാർ നിയന്ത്രണത്തിലാണെന്നും പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് കുറുപ്പൻക്കുളങ്ങര അംബേദ്കർ ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം ഓമനക്കുട്ടനെതിരായ ആരോപണത്തിൽ സർക്കാർ നിലപാട് വിശദീകരിക്കുകയായിരുന്നു മന്ത്രി. ശേഷം ക്യാമ്പ് പ്രവർത്തനങ്ങളെക്കുറിച്ച് രജിസ്റ്ററിൽ അഭിപ്രായം കുറിച്ചാണ് മന്ത്രി ക്യാമ്പിൽ നിന്നും മടങ്ങിയത്. ആരോപണ വിധേയനായ ഓമനക്കുട്ടൻ ക്യാമ്പിലെത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു. ഓമനക്കുട്ടന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് മന്ത്രി മടങ്ങിയത്.