ആലപ്പുഴ: സംസ്ഥാനത്ത് ഇനി കറണ്ട് കട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സൗരോർജത്തിലൂടെ വൈദ്യുതിയുടെ കാര്യത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി മണി പറഞ്ഞു. കെഎസ്ഇബിയെ പരാതി രഹിത സ്ഥാപനമാക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലൈനിൽ വൈദ്യുതി മുടങ്ങിയാൽ ഓട്ടോമാറ്റിക്കായി മറ്റൊരു ലൈനിൽ നിന്ന് കറണ്ട് ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലുള്ള നവീകരണങ്ങൾ മേഖലയിൽ പരിഗണിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. ജല വൈദ്യുത പദ്ധതികൾക്ക് സാദ്ധ്യതകൾ ഇനി പരിമിതമാണ്. താപ നിലയങ്ങളും സംസ്ഥാനത്തിന് ആദായകരമോ യോജിച്ചതോ അല്ല. ഈ സാഹചര്യത്തിലാണ് സൗരോർജത്തെ ആശ്രയിച്ച് വൻ മുന്നേറ്റത്തിനൊരുങ്ങുന്നത്. ഫ്‌ളോട്ടിങ് സോളാർ പദ്ധതിയിൽ സഹായിക്കുന്നതിന് കേന്ദ്രത്തിന് പ്രത്യേക സ്‌കീമുണ്ട്. അത് പ്രയോജനപ്പെടുത്തും. പുരപ്പുറ സോളാർ പദ്ധതിക്കായി രണ്ടുലക്ഷത്തി എൺപതിനായിരത്തോളം പേർ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി മണി പറഞ്ഞു. അഡ്വ എ.എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി അദാലത്ത് നടത്തുന്നത്. അഡ്വ യു.പ്രതിഭ എം എൽ എ, നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപ്പറമ്പിൽ, വാർഡ് കൗൺസിലർ എൽ സലിലാകുമാരി കെ എസ് ഇബി ചെയർമാനും എം ഡിയുമായ എൻ എസ് പിള്ള, ഡയറക്‌ടർ പി കുമാരൻ എന്നിവർ പ്രസംഗിച്ചു.